കൊച്ചി: ബലാത്സംഗക്കേസുകളിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസിൽ ഹൈക്കോടതിയിൽ ഇന്നു വിശദമായ വാദം നടക്കും.
രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം ജില്ലാ കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതി പരിഗണിക്കും. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് തിരുവനന്തപുരം കോടതി നിർദേശിച്ചിട്ടുള്ളത്.എന്നാൽ രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുൽ പറയുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ പ്രതികളായ രാഹുൽ ഈശ്വറിൻറെ ജാമ്യാപേക്ഷയും സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പൊലീസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കാത്തത് കാരണം കഴിഞ്ഞ രണ്ട് തവണയും ജാമ്യാപേക്ഷയിൽ വാദം പറയുന്നത് മാറ്റി വച്ചിരുന്നു. നിലവിൽ കേസിലെ ഒന്നാം പ്രതിയായ രാഹുൽ ഈശ്വർ റിമാൻഡിയിലാണ്.














