Kerala

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പ്രതാപചന്ദ്രന്‍. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകുകയായിരുന്നു.

2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കിയാണ് ഗർഭിണിയായ ഷൈമോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ അങ്ങോട്ട് വന്ന എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ ഷൈമോളെ നെഞ്ചത്ത് തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു. ഈ സമയം ഷൈമോളുടെ ഒക്കത്ത് കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു.മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതു ഇടത്തുവച്ച് രണ്ടുപേരെ മർദിക്കുന്നത് ഷൈമോളുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. ഇതു കണ്ട പൊലീസുകാർ ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഷൈമോള്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഭര്‍ത്താവിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ ഷൈമോള്‍ കുഞ്ഞുങ്ങളെ കൂട്ടി സ്റ്റേഷനിലെത്തി. എന്ത് കാരണത്താലാണ് കസ്റ്റഡിയെന്ന് കരഞ്ഞുകൊണ്ടു ചോദിച്ചപ്പോഴാണ് എസ്എച്ച്ഒ മർദ്ദിച്ചത്.

ഒരു വർഷത്തോളം നിയമപോരാട്ടം നടത്തിയതിനെത്തുടർന്നാണ് പൊലീസ് മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചത്. പരാതി നൽകിയപ്പോൾ യുവതി എസ്എച്ച്ഒയെ മർദിച്ചു എന്നാണ് പൊലീസ് കഥ മെനഞ്ഞത്. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കസ്റ്റഡി മർദ്ദന ദൃശ്യങ്ങൾ നൽകിയത്. അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ഉടൻ തീരുമാനമെടുക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.