Kerala

വെട്ടിലാക്കി ‘പോറ്റിപ്പാട്ട്’; നാണക്കേടു മാറ്റാൻ സർക്കാർ, കേസിൽ മെല്ലെപ്പോക്കിന് നിർദേശം

തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പ് കാലത്തു വൈറലായ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാട്ടിനെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇപ്പോഴത്തെ കേസ് പിന്‍വലിക്കില്ലെങ്കിലും പുതിയ കേസുകളോ തുടര്‍നടപടികളോ വേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിനു സർക്കാർ നിര്‍ദേശം നല്‍കി.

പാട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയയ്ക്കില്ല. കഴിഞ്ഞ ദിവസം ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നു പാട്ട് സൈബര്‍ പൊലീസ് നീക്കം ചെയ്തിരുന്നു. ഇനി അത്തരം നടപടികളും വേണ്ടെന്നാണ് തീരുമാനം. തിരുവനന്തപുരം സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും.

കേസെടുക്കുന്നതിനെ ചൊല്ലി പൊലീസിന്റെ ഉന്നതകേന്ദ്രങ്ങളില്‍ത്തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍നിന്നു വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ നിയമോപദേശം തേടിയതിനു ശേഷം കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി പ്രവാഹംതന്നെ ഉണ്ടായി. ഇതേ ട്യൂണ്‍ ഉപയോഗിച്ച് നിര്‍മിച്ച മറ്റു പാട്ടുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളിലും കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, കേസെടുത്തതില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോറ്റിപ്പാട്ട് പാടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പാരഡി ഗാനത്തില്‍ കേസുമായി മുന്നോട്ട് പോയാല്‍ സിപിഎം നേതാക്കളുടെ വീടിന് മുന്നിലെത്തി പാട്ട് പാടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. സ്വര്‍ണം കട്ടതാണ് കുറ്റം. കട്ടതിനെക്കുറിച്ച് പാടിയതിലല്ല. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. സിപിഎമ്മിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വര്‍ണം കട്ടതിന് ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. പാരഡിയില്‍ ഒരു തെറ്റുമില്ലെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പാട്ടിനെ എന്തിനാണു സര്‍ക്കാര്‍ പേടിക്കുന്നതെന്ന് പി.സി.വിഷ്ണുനാഥ് ചോദിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.