നൂൽപ്പുഴ: കാപ്പി വിളവെടുപ്പ് കാലമായതോടെ നൂൽപ്പുഴ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന കുരങ്ങുകൾ പഴുത്ത കാപ്പിക്കുരു തിന്നുതീർക്കുന്നതിനൊപ്പം ചെടികളുടെ ശിഖരങ്ങൾ ഒടിച്ചുനശിപ്പിക്കുകയുമാണ്.
ഇതോടെ കാപ്പി പാകമാകുന്നതിന് മുൻപേ പച്ചക്കാപ്പി പറിച്ചെടുക്കേണ്ട ഗതികേടിലാണ് കർഷകർ.കൃഷിനാശത്തിന് പുറമെ വീടുകൾക്ക് നേരെയും ആക്രമണം പതിവായിട്ടുണ്ട്. ഓടപ്പള്ളം, വള്ളുവാടി മേഖലകളിൽ വീടുകളുടെ ഓടുകൾ പൊളിച്ച് അകത്തുകയറി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും കുരങ്ങുകൾ നശിപ്പിക്കുകയാണ്. കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ശല്യത്തിന് പുറമെയാണ് ഇപ്പോൾ കുരങ്ങുകളും കർഷകരെ വലയ്ക്കുന്നത്. ശല്യക്കാരായ കുരങ്ങുകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.














