ന്യൂഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം. സെക്യൂരിറ്റി ചെക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തതിനിടെയാണ് യാത്രക്കാരനായ അങ്കിതിനെ പൈലറ്റ് വീരേന്ദ്രർ സേജ്‌വാൾ മർദിച്ചത്. മർദനത്തെ കുറിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. അങ്കിതിനെ മർദിച്ച വീരേന്ദ്രർ സേജ്‌വാളിനെ എല്ലാ ചുമതലയിൽ നിന്നും നീക്കിയിരുന്നു.
ഫ്രിസ്കിങ് ഏരിയയിൽ വച്ചാണ് തന്നെ പൈലറ്റ് മർദിച്ചതെന്ന് അങ്കിത് പറയുന്നു. എന്നാൽ ഈ സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ നോക്കനിന്നുവെന്നും അങ്കിത് ആരോപിച്ചു. ‘‘സിഐഎസ്എഫ് അയാളെ തടയേണ്ടതായിരുന്നു. അവർ ഒന്നും ചെയ്തില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ആ സ്ഥലത്ത് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ഒരാൾ എക്സ്-റേ മെഷീൻ കൈകാര്യം ചെയ്യുകയായിരുന്നു. മറ്റൊരാൾ യാത്രക്കാരെ പരിശോധിക്കുകയായിരുന്നു. കൂടാതെ, ഒരു വനിതാ ഓഫീസറും അവിടെ ഉണ്ടായിരുന്നു. ആരും ഇടപെട്ടില്ല’’ – അങ്കിത് പറയുന്നു.
താനും കുടുംബവും കടന്നുപോയ ദുരനുഭവത്തെക്കുറിച്ച് അങ്കിത് സമൂഹമാധ്യമമായ എക്സിൽ കുറിച്ചിരുന്നു. ‘‘4 മാസം പ്രായമുള്ള കുട്ടി കൂടെയുള്ളതിനാൽ ജീവനക്കാരുടെ സെക്യൂരിറ്റി ചെക്ക് (പിആർഎം ചെക്ക്) ഉപയോഗിക്കാനായിരുന്നു നിർദേശം. എന്നാൽ അവിടെ ജീവനക്കാർ വരിതെറ്റിച്ച് മുന്നിൽ കയറുന്നുണ്ടായിരുന്നു. ഇത് ഞാൻ ചോദ്യം ചെയ്തു. ഇതോടെ ക്യാപ്റ്റൻ വീരേന്ദ്രർ സേജ്‍വാൾ ദേഷ്യപ്പെടുകയായിരുന്നു. നിരക്ഷരനാണോയെന്നും ജീവനക്കാർക്കു മാത്രമുള്ള വരിയാണിതെന്ന് എഴുതിയ ബോർഡ് വായിച്ചില്ലേയെന്നും പൈലറ്റ് ചോദിച്ചു. തുടർന്ന് വാക്കുതർക്കം ഉണ്ടായി. ഇതോടെ പൈലറ്റ് എന്നെ ശാരീരികമായി ആക്രമിക്കുകയും ഞാൻ രക്തത്തിൽ കുളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഷർട്ടിലെ രക്തം എന്റേതാണ്’’– രക്തം പുരണ്ട തന്റെ മുഖത്തിന്റെയും സേജ്‍വാളിന്റെയും ചിത്രങ്ങൾ സഹിതം ദിവാൻ പോസ്റ്റ് ചെയ്തു.














