Kerala

100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

പത്തനംതിട്ട: ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തില്‍ പ്രായം മറന്ന് പാറുക്കുട്ടി മുത്തശ്ശി പതിനെട്ടാംപടി കയറി അയ്യപ്പ സന്നിധിയിലെത്തി. 102 -ാം വയസില്‍ ഇത് മൂന്നാം തവണയാണ് പാറുക്കുട്ടി മുത്തശ്ശി ശബരിമലയിലെത്തുന്നത്. 2023 ല്‍ 100 -ാം വയസിലാണ് കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഇപ്പോള്‍ ഈ വര്‍ഷവും അയ്യപ്പനെ തൊഴുതു. പതിനെട്ടാംപടി വരെ ഡോളിയിലാണ് എത്തിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി. സുഖമായി അയ്യപ്പനെ തൊഴാന്‍ കഴിഞ്ഞുവെന്നും പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം സുഖദര്‍ശനം സാധ്യമാക്കിയെന്ന് മുത്തശ്ശി പറഞ്ഞു.

വയനാട് മീനങ്ങാടിക്ക് സമീപം കോളേരി സ്വദേശിയാണ് പാറുക്കുട്ടി. പേരക്കുട്ടികളും ബന്ധുക്കളും മലയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ പേരമകന്‍ ഗിരീഷ് കുമാര്‍ ആണ് മുത്തശ്ശിയും പോരുന്നോ എന്ന് ചോദിച്ചത്. അങ്ങനെയാണ് 2023 ല്‍ ആദ്യമായി അയ്യപ്പ സന്നിധിയിലെത്തിയത്. പേരക്കുട്ടികളും ബന്ധുക്കളുമടക്കം 12 അംഗ സംഘത്തോടൊപ്പമാണ് ഇത്തവണ മുത്തശ്ശി മലയിലെത്തിയത്. 19 ന് രാവിലെ കോളേരി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലയാത്ര തുടങ്ങിയത്.

ഏറ്റുമാനൂര്‍ സ്വദേശി വിശ്വ തേജസ് സംവിധാനം ചെയ്ത രുദ്രന്റെ നീരാട്ട് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട് പാറുക്കുട്ടി മുത്തശ്ശി. 100-ാം വയസില്‍ ശബരിമലതീര്‍ഥാടന യാത്ര നടത്തുന്ന സ്വന്തം ജീവിതത്തിലെ വേഷം തന്നെയാണ് പാറുക്കുട്ടി മുത്തശ്ശി സിനിമയിലും ചെയ്തിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമ അടുത്ത മാര്‍ച്ചില്‍ പുറത്തിറങ്ങും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.