Kerala

ദലിത് യുവാവിനെ വിവാഹം കഴിച്ചു, 4 മാസം ഗർഭിണിയായ യുവതിയെ വെട്ടികൊലപ്പെടുത്തി പിതാവും സഹോദരനും

ബെംഗളൂരു∙ കര്‍ണാടകയെ നടുക്കി ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബളി സ്വദേശിനി മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം.

ഗ്രാമത്തിലെ ലിംഗായത്തു സമുദായത്തില്‍പെട്ട മന്യയും ദലിത് വിഭാഗത്തിൽപ്പെട്ട വിവേകാനന്ദയും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. മന്യയുടെ കുടുംബത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. തുടര്‍ന്ന് ഇരുവരും ഹാവേരിയിലേക്കു താമസം മാറി. മന്യ ഗര്‍ഭിണിയായതിനെ തുടര്‍ന്നു കഴിഞ്ഞ ഒന്‍പതിനാണു ഗ്രാമത്തിലേക്ക് ഇവർ മടങ്ങിയെത്തിയത്. പിന്നാലെ മന്യയുടെ വീട്ടുകാര്‍ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ട് മന്യയുടെ അച്ഛന്‍ പ്രകാശ് ഗൗഡ പാട്ടീലും സഹോദരന്‍ അരുണ്‍ അടക്കമുള്ള സംഘം ഇവർ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിവേകാനന്ദയുടെ അച്ഛന്‍,അമ്മ, ബന്ധു അടക്കം വീട്ടിലുണ്ടായിരുന്ന മുഴുവന്‍ പേ‍ര്‍ക്കും വെട്ടേറ്റു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ മന്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാലുമാസം ഗര്‍ഭിണിയായിരുന്നു മന്യ. സംഭവത്തിൽ മന്യയുടെ അച്ഛന്‍ പ്രകാശ്, സഹോദരന്‍ അരുണ്‍, ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ വിവേകാനന്ദയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.