പാലക്കാട്∙ പുതുശ്ശേരി കുരുടിക്കാട് സുരഭി നഗറിൽ വിദ്യാർഥികൾ ഉൾപ്പെട്ട കാരൾ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സ്കൂൾ വിദ്യാർഥികളായ 14 പേരടങ്ങുന്ന ക്രിസ്മസ് കാരൾ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചത്. ഇവരുടെ ബാൻഡ് സെറ്റും മറ്റു വാദ്യോപകരണങ്ങളും തല്ലിത്തകർത്തു. മൂന്നംഗ സംഘമാണ് ഇവരെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതെന്നും ഈ പ്രദേശത്ത് കാരൾ സംഘം വരരുതെന്ന് ആവശ്യപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയതുമെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടയിൽ അശ്വിൻ രാജ് ചില കുട്ടികളെ മർദിക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന ബാൻഡ് തല്ലിപ്പൊട്ടിക്കുകയും ചെയ്തെന്നും പറയുന്നു. കുട്ടികൾ ഉടൻ തന്നെ പുതുശ്ശേരിയിലെ സിപിഎം പ്രവർത്തകരെ വിവരമറിയിച്ച് അവരോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അശ്വിൻ രാജിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്നും കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥരായ കസബ പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്. ഹർഷാദ് എന്നിവർ അറിയിച്ചു.
കുട്ടികളെ മർദിച്ചെന്ന പരാതിയിലും അന്വേഷണമുണ്ട്. അതു കൂടി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തും. അറസ്റ്റിലായ അശ്വിൻ രാജ് അടിപിടി കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതിയാണ്. അതേസമയം, ഇയാൾക്ക് ആർഎസ്എസുമായോ ബിജെപിയുമായോ ബന്ധമില്ലെന്നും മദ്യലഹരിയിലുണ്ടായ ആക്രമണമാണിതെന്നും ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു.














