കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്.ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈന്‍ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്.കഴിഞ്ഞ ഏപ്രിലില്‍ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം.














