തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (ഡിഇഒ) ഒന്നാം അപ്പീല്‍ നല്‍കാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ ഡിഇഒയുടെ ഒന്നാം അപ്പീല്‍ ഉത്തരവ് തീയതിമുതല്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.അതിനിടെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുകയാണെന്ന പരാതിയുമായി രാഷ്ട്രീയകക്ഷികള്‍ രംഗത്തു വന്നു. മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍, സ്ഥിരമായി താമസംമാറിയവര്‍, ഇരട്ടവോട്ടുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 24 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയതെന്ന് രാഷ്ട്രീയകക്ഷികള്‍ ആരോപിക്കുന്നു.ഇരട്ടവോട്ടിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും മരിച്ചുപോയവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍ എന്നിവരുടെ എണ്ണമെടുത്തതില്‍ ഗുരുതര പിഴവുകളുണ്ടെന്നാണ് ആക്ഷേപം. ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തെക്കുറിച്ചും അവ്യക്തതയുണ്ട്.കരടുവോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണു പാര്‍ട്ടികളുടെ തീരുമാനം. കണ്ടെത്താന്‍ സാധിക്കാത്തവരായി കമ്മിഷന്‍ രേഖപ്പെടുത്തിയ പലരുമായും തങ്ങള്‍ നേരിട്ടു സംസാരിച്ചെന്നാണ് പാര്‍ട്ടികളുടെ അവകാശവാദം.














