Kerala

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി; വിഷം കൊടുത്ത് കൊന്നു, പിന്നാലെ ആത്മഹത്യ; നടുക്കം മാറാതെ രാമന്തളി

പയ്യന്നൂർ (കണ്ണൂർ)∙ രാമന്തളിയിൽ രണ്ടു കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാലുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി വിധിക്ക് പിന്നാലെ. രാമന്തളി സെന്ററിൽ വടക്കുമ്പാട് റോഡിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരാണു മരിച്ചത്. ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ഭാര്യയും കലാധരനും തമ്മിൽ കുടുംബക്കോടതിയിൽ കേസ് നിലവിലുണ്ട്. കുട്ടികളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധിച്ചിരുന്നു. ഇതാകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കുഞ്ഞുങ്ങൾക്കു വിഷംകൊടുത്ത് രണ്ടുപേരും തൂങ്ങിയതാകാമെന്നാണു പ്രാഥമിക നിഗമനം. ഉഷയുടെ ഭർത്താവ് പയ്യന്നൂർ ടൗണിലെ ഓട്ടോഡ്രൈവർ എ.കെ.ഉണ്ണിക്കൃഷ്ണൻ ജോലികഴിഞ്ഞ് രാത്രി 9ന് എത്തിയപ്പോൾ വീടു പൂട്ടിയതായി കണ്ടു. കുറെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സിറ്റൗട്ടിൽനിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് ഉണ്ണിക്കൃഷ്ണൻ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി കൈമാറി.

പൊലീസെത്തിയാണു വാതിൽ തുറന്നത്. പാചകത്തൊഴിലാളിയാണു കലാധരൻ. കോടതിവിധിയെത്തുടർന്ന് കുട്ടികളെ ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു. ഇന്നലെ രാത്രി ഉണ്ണിക്കൃഷ്ണനെ ഫോണിൽവിളിച്ച പൊലീസ്, കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്നു വീട്ടിലെത്തിയപ്പോഴാണ് ദുരന്തമറിയുന്നത്. കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.