Listen live radio

പിടിവിടാതെ കൊവിഡ്; ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1.68 കോടി കവിഞ്ഞു, രാജ്യത്ത് 16 ലക്ഷത്തിലധികം രോഗികള്‍

after post image
0

- Advertisement -

ഡല്‍ഹി: ലോകത്താകമാനം കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. കോവിഡ് പൊട്ടിപുറപ്പെട്ട് എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഇതുവരെ 1.68 കോടിയിലധികം ലോകജനതയ്ക്കാണ് കോവിഡ് വൈറസ് പിടിപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ കൃത്യമായ കണക്കുകളില്‍ ഇത് 1,68,12,755 ആണ്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 6.75 ലക്ഷം കവിഞ്ഞു. ഒരു കോടിയിലധികം ആളുകള്‍ രോഗമുക്തി നേടിയെന്നത് ആശ്വാസകരമായ കാര്യമാണ്.
ഇന്ത്യയില്‍ ഇന്നലെ മാത്രം അരലക്ഷത്തിലധികം (52123) പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 16 ലക്ഷം പിന്നിട്ടു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 9,88,029 ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്നലെ 775 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്, ഇതോടെ മരണസംഖ്യ 34,968 ആയി. ഇന്ത്യയില്‍ മരണനിരക്ക് 2.23 ശതമാനമാണെങ്കില്‍ ആഗോളതലത്തില്‍ ഇത് 4 സതമാനമാണ്.
കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. രാജ്യത്ത് വൈറസുണ്ടാക്കിയ ആഘാതം ശക്തമായി തന്നെ തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 64,000ല്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 44,87,072 ആയി വര്‍ധിച്ചു.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ബ്രസീലില്‍ രോഗികള്‍ 26,10,102 ആയി ഉയര്‍ന്നു. 91,263 പേരാണ് ഇതുവരെ ബ്രസീലില്‍ മാത്രം രോഗത്തെ തുടര്‍ന്ന് മരിച്ചത്‌. 15,82,028 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ മരണനിരക്കില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. യുഎസും ബ്രസീലും കഴിഞ്ഞാല്‍ യുകെയും മെക്‌സിക്കോയും ഇറ്റലിയുമാണ് മരണനിരക്കില്‍ ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍.
കണക്കില്‍ കേരളത്തിന് ഇന്നലെ ആശ്വാസദിനമായിരുന്നു എന്ന് പറയാമെങ്കിലും അത് പൂര്‍ണമല്ല എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇന്നലെ 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേര്‍ രോഗമുക്തി നേടി. ഈ കണക്ക് അപൂര്‍ണമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആര്‍ വെബ് പോര്‍ട്ടലില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള കണക്ക് മാത്രമാണ് ലഭ്യമായതെന്നും ബാക്കിയുള്ളത് പിന്നീട് വരുന്നതനുസരിച്ച്‌ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇന്നത്തെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.