National

‘എനിക്കൊന്നും സംഭവിക്കില്ല’; യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി, ബിജെപി കൗൺസിലറുടെ ഭർത്താവിനെതിരെ പരാതി

ഭോപാൽ∙ ബലാത്സംഗം ചെയ്ത സ്ത്രീയെ ബിജെപി കൗൺസിലറുടെ ഭർത്താവ് പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നെന്ന് പരാതി. മധ്യപ്രദേശിലെ സത്ന ജില്ലയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അശോക് സിങ്ങിനെതെരിയാണ് പരാതി. റാംപുർ ബാഘേലൻ നഗർ പരിഷദിലെ ബിജെപി കൗൺസിലറുടെ ഭർത്താവാണ് അശോക്.

ആറുമാസം മുൻപാണ് വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം അശോക് സിങ് യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും ചെയ്തു. പീഡനത്തിന്റെ വിവരം പുറത്തുപറഞ്ഞാൽ സ്ത്രീയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഭയന്ന യുവതി, ഇതോടെ പരാതിപ്പെടാൻ തയ്യാറായില്ല. എന്നാൽ ഡിസംബർ 20ന് ഇയാൾ വീണ്ടും വന്നെന്നും ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വീണ്ടും ഉപദ്രവിച്ചു. ലൈംഗിക ബന്ധം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം യുവതി ജോലി ചെയ്യുന്ന കടയിലെത്താനും അധിക്ഷേപിക്കാനും തുടങ്ങിയതോടെ യുവതി ഇയാളുമായുള്ള സംഭാഷണം ഫോണിൽ റെക്കോഡ് ചെയ്യുകയും ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുമെന്ന് അശോകിനോട് പറയുകയും ചെയ്തു. എന്നാൽ അങ്ങനെ ചെയ്താലും തനിക്കൊന്നും സംഭവിക്കില്ല എന്നായിരുന്നു ഇയാളുടെ മറുപടി.

‘എനിക്കെന്ത് സംഭവിക്കും? ഒന്നും പറ്റില്ല. എവിടെ വേണമെങ്കിലും പരാതി കൊടുക്ക്. എനിക്കൊന്നും സംഭവിക്കില്ല’–അശോക് വിഡിയോയിൽ പറയുന്നു. പശ്ചാത്തലത്തിൽ ഇരയായ യുവതി കരയുന്നതും വിഡിയോയിൽ കേൾക്കാം. സംഭവത്തിൽ അശോകിനെതിരെ തെളിവു സഹിതം യുവതി സത്‌ന പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ക്രിമിനൽ പശ്ചാതത്തലമുള്ള അശോകിനെ നേരത്തെ ജില്ലയിൽനിന്ന് നാടുകടത്തിയിട്ടുള്ളതാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം, അഞ്ചു ദിവസം മുൻപ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് വേണ്ട നടപടിയെടുത്തിട്ടില്ലെന്നും യുവതി പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.