മുംബൈ∙ ശിവസേന കൗൺസിലറുടെ ഭർത്താവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളി ടൗണിലാണു സംഭവം. ഖലാപൂർ താലൂക്ക് നിവാസിയായ മങ്കേഷ് സദാശിവ് കലോഖെ എന്ന അപ്പ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഖോപോളി മുനിസിപ്പൽ കൗൺസിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവസേന കൗൺസിലറായ മാനസി കലോഖെയുടെ ഭർത്താവാണു മങ്കേഷ് സദാശിവ് കലോഖെ. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക കണ്ടെത്തൽ.
ശിശുമന്ദിർ സ്കൂളിൽ മക്കളെ ഇറക്കിവിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മങ്കേഷിനെ, 7 മണിയോടെ വിഹാരി ഏരിയയിലെ ഒരു ബാറിന് സമീപം വച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. മങ്കേഷിനെ പിന്തുടർന്നെത്തിയ അക്രമികൾ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടു വാളും അരിവാളും കോടാലിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രധാന പ്രതി രവീന്ദ്ര ദേവ്‍കർ, മകൻ ദർഷൻ എന്നിവരെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നാലെ ശിവസേന പ്രവർത്തകരും പ്രദേശവാസികളും ഖോപോളി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.














