ഹൈദരാബാദ് ∙ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. സൂററാം സ്വദേശി രവീന്ദർ (24) ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തൊഴിൽരഹിതനായ ഇയാൾ മുൻപ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു.
മരിക്കുന്നതിന് മുൻപ് രവീന്ദർ സെൽഫി വിഡിയോ റെക്കോർഡ് ചെയ്ത മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിച്ചതിലൂടെ തനിക്ക് പണം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നുണ്ട്. എന്നാൽ എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.














