തിരുവനന്തപുരം ∙ 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിലും ചേർന്ന് മന്ത്രി കെ.എൻ.ബാലഗോപാലിനു കൈമാറി.മന്ത്രി പി.പ്രസാദ്, ധന അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ബോർഡ് അംഗങ്ങളായ ഡോ.കെ.ശശികുമാർ, ബി.എസ്.പ്രീത കെ.മനോജ് എന്നിവരും പങ്കെടുത്തു. ഈ സാമ്പത്തികവർഷം ഡിവിഡന്റ്, ഗ്യാരന്റി കമ്മിഷൻ ഇനങ്ങളിലായി റെക്കോർഡ് തുകയായ 235 കോടി രൂപ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്.
കമ്പനിയുടെ അംഗീകൃത മൂലധനം 250 കോടിയായി സർക്കാർ ഉയർത്തിയിരുന്നു. ഈ വർഷം ഇതുവരെ ആകെ ബിസിനസ് 1,10,000 കോടി രൂപയിൽ എത്തി. സ്വർണപ്പണയ വായ്പ 13,000 കോടി കടന്നു. ഒരു കോടി ഇടപാടുകാരിലേക്ക് കെഎസ്എഫ്ഇയുടെ സേവനങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.














