ഇൻഡോർ ∙ വൃത്തിയുടെ നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. 10 വർഷം കാത്തിരുന്നു ലഭിച്ച കുഞ്ഞു നഷ്ടമായ വേദനയാണ് ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾക്ക് പറയാനുള്ളത്. കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മയ്ക്ക് കഴിയാതിരുന്നതോടെയാണ് ഡോക്ടർ കുപ്പിപ്പാൽ നൽകാൻ പറഞ്ഞത്. ഇതിനായി കടയിൽനിന്നും വാങ്ങിയ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായത്. അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. 2 ദിവസം മുൻപ് കുഞ്ഞിനു അസുഖം പിടികൂടുകയായിരുന്നു. തുടർന്ന് കുടുംബം കുഞ്ഞിന് ചികിത്സ നൽകിയിരുന്നു. എങ്കിലും തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞു മരിച്ചു.
പൈപ്പ് വെള്ളം ഫിൽറ്റർ ചെയ്തു ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതെന്ന് കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന അവ്യാന്റെ പിതാവ് സുനിൽ സാഹു ഒരു ദേശീയ മാധ്യമത്തിനോടു പറഞ്ഞു. സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്കു ശേഷമാണ് കഴിഞ്ഞ ജൂലൈ 8ന് അവ്യാൻ പിറന്നത്. മാലിന്യം കലർന്ന കുടിവെള്ളമാണ് തങ്ങളുടെ മകന്റെ ജീവനെടുത്തതെന്നാണ് ഇവർ വിശ്വസിക്കുന്നത്. വെള്ളം മലിനമായതിനെ കുറിച്ച് തങ്ങൾക്കു മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും സുനിൽ പറഞ്ഞു.













