ബീഡ് ∙ മൂന്നര വയസ്സുള്ള മകനെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. ”ബീഡ് ജില്ലയിലെ ലിംബാരുയി ഗ്രാമത്തിന് സമീപമുള്ള ദാരാഡെ വസ്തി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രജക്ത രാമേശ്വർ ദരാഡെ (23), മകൻ വേദാന്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മകനെയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി 300 മീറ്റർ അകലെയുള്ള കിണറ്റിൽ ചാടി മരിക്കുകയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഉടൻ സംഭവ സ്ഥലത്തെത്തി.
ഉച്ചയോടെ പ്രജക്തയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും കിണറ്റിൽ ധാരാളം വെള്ളമുള്ളതിനാൽ കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് കിണർ വറ്റിക്കാനായി നാളിൽ കൂടുതൽ ഇലക്ട്രിക് പമ്പുകൾ കിണറിനടുത്ത് എത്തിച്ചു. മണിക്കൂറുകൾ കൊണ്ട് വെള്ളം വറ്റിച്ചു കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും രാത്രിയായിരുന്നു. ”മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തും” – ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.













