Kerala

50 ലക്ഷമാണ് ഓഫർ’; കൂറുമാറാൻ സിപിഎം പണം വാഗ്ദാനം ചെയ്തതായി ആരോപണം

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ തിരഞ്ഞെടുപ്പിന് പിന്നാലെ കോഴ വിവാദം. എൽഡിഎഫ് പ്രസിഡൻറ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ച ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റുമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു സംസാരം. പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ ഭരണം പിടിക്കും, തനിക്ക് ഒന്നും കിട്ടില്ല. എൽഡിഎഫിനൊപ്പം നിന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ അല്ലെങ്കിൽ 50 ലക്ഷമോ ലഭിക്കുമെന്നാണ് ഫോണിൽ കൂടി ജാഫർ പറയുന്നത്. മണ്ഡലം പ്രസിഡന്റ് മുസ്തഫയോടാണ് ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ ഫോണിൽ കൂടി സംസാരിച്ചത്.

“ഞാൻ അങ്ങനെയല്ലല്ലോ. സ്വതന്ത്രനാണ് പ്രസിഡന്റ്, സിപിഎമ്മുകാരൻ അല്ലല്ലോ. അതുകൊണ്ടാണ് പറയുന്നത്. ഇപ്പോൾ ഒരു ഓപ്ഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ആ ഓപ്ഷൻ മാക്സിമം യൂസ് ചെയ്യുകയാണ്. ഞാൻ എന്റെ ലൈഫ് സെറ്റിൽ ചെയ്യാൻ വേണ്ടിയാണ് ജീവിക്കുന്നത്. അത് സെറ്റാവാനുള്ള ഓപ്ഷൻ വരുവാണ്. ഇവിടെ ഒന്ന് രണ്ട് രൂപയല്ല, 50 ലക്ഷം രൂപയാണ് ഓഫർ. നീയാണെങ്കിൽ നിന്റെ കണ്ണ് മഞ്ഞളിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. നീ എന്താണ് വിചാരിച്ചെ. അതിന്റെ പവർ എന്താണെന്ന് നിനക്ക് അറിയോ. നിങ്ങളുടെ കൂടെ നിന്നാൽ നറുക്കെടുത്താലേ കിട്ടൂ. ഇതാകുമ്പോ ഒന്നും അറിയാതെ കസേരയിൽ പോയിരുന്നാൽ മതി”- എന്നായിരുന്നു ജാഫർ ഫോണിൽ കൂടി പറയുന്നത്.

ജാഫർ പല ആളുകളോടും ഇക്കാര്യം പറഞ്ഞിരുന്നതിനുള്ള തെളിവ് കൈയിലുണ്ട് എന്ന് മുസ്തഫ പറഞ്ഞു. ഇത് തങ്ങളല്ല എന്ന് സിപിഎം തെളിയിക്കണമെന്നും ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് ഒരു തിരഞ്ഞെടുപ്പിനെ നേരിടണമെന്നും മുസ്തഫ സിപിഎമ്മിനെ വെല്ലുവിളിച്ചു. ശബ്ദരേഖ കോൺഗ്രസ് ആണ് പുറത്തുവിട്ടത്. കോൺഗ്രസ് നേതാവ് അനിൽ അക്കരെയാണ് വിജിലൻസിൽ പരാതി നൽകിയത്.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഏഴ് സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. തുടർന്ന് ലീഗ് സ്വതന്ത്രനെ ചാക്കിട്ടുപിടിച്ച് എൽഡിഎഫ് ഭരണം നേടാനുള്ള ശ്രമം നടത്തിയെന്നാണ് ആരോപണം ഉയർന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജാഫർ എൽഡിഎഫിന് അനുകൂലമായി പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയും വൈസ് പ്രസിഡന്റ് സ്ഥാനാർഥി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജാഫർ ഹാജരാകാതിരിക്കുകയും ചെയ്തു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് ലഭിച്ചു. വലിയ രാഷ്ട്രീയ വിഷയമായി ഇത് മാറുകയും കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ജാഫർ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെക്കുകയുമായിരുന്നു. വിവാദത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.