കൊച്ചി ∙ ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മോശം പെരുമാറ്റത്തിനു റസ്റ്ററന്റ് മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് ചിക്കിങ് ഫാസ്റ്റ് ഫുഡ് ശൃംഖല. എറണാകുളത്തെ ഔട്‌ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ലഭിച്ച ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ മാനേജരായ ജോഷ്വാ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു.
പിന്നാലെ കുട്ടികൾക്കു നേരെ കത്തി വീശിയ സംഭവത്തിൽ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ മാനേജർക്കെതിരെയും ഇയാളെ മർദിച്ചതിന് നാലു പേർക്കെതിരെയും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, ഇരു കൂട്ടർക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടന്നിട്ടില്ല. ജോഷ്വ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിലുള്ള നടപടികളെന്നാണു ലഭിക്കുന്ന വിവരം.
∙ സംഭവം ഇങ്ങനെ:എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സിബിഎസ്ഇ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ നാലു കുട്ടികൾ ചിക്കിങ്ങിന്റെ ഔട്‌ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തി. ഓർഡർ ചെയ്ത ബർഗറിലൊന്നിൽ ചിക്കൻ സ്ട്രിപ്പ് കുറവാണെന്നു കുട്ടികൾ പറഞ്ഞതോടെ ഔട്‌ലെറ്റിന്റെ മാനേജർ ജോഷ്വായുമായി തർക്കമായി. ഇതിനിടെ, കുട്ടികൾ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതിനെ ജോഷ്വാ എതിർത്തു. കുട്ടികളുമായി വഴക്കുണ്ടാക്കുന്നത് തടഞ്ഞ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ ജോഷ്വാ തള്ളിമാറ്റുന്നതും കാണാം. ഭയപ്പെടുത്തുമ്പോൾ പിന്നെ തങ്ങൾ എന്തു ചെയ്യണം എന്നാണ് കുട്ടികൾ തിരികെ ചോദിക്കുന്നത്. ഇതോടെ പുറത്തേക്ക് വാ എന്നു പറഞ്ഞ് ഇയാള്‍ സ്ഥാപനത്തിന്റെ വാതിൽക്കൽ പോയി നിൽപ്പായി. തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തുകയായിരുന്നു.
ഇവർ എത്തിയതോടെ സംഘർഷം രൂക്ഷമായി. ജോഷ്വാ കൗണ്ടറിന് അകത്തും പുറത്തുനിന്നെത്തിയവർ കൗണ്ടറിനു പുറത്തുമായി തർക്കവും തെറിവിളിയും നടന്നു. ഒരാൾ കസേര ഓങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ, മേശപ്പുറത്തിരുന്ന ജോഷ്വയുടെ ഫോൺ വന്നവരിൽ ഒരാൾ എടുത്തു. ഇതോടെ അകത്തേക്കു പോയ ജോഷ്വാ കത്തിയുമായി പുറത്തേക്കു വരികയായിരുന്നു. വാതിലനടുത്തു ചെന്നു നിന്ന് കത്തി കാട്ടി ഫോൺ തിരികെ ആവശ്യപ്പെടുന്നതും ഇതു വാങ്ങി പോക്കറ്റിലിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ, പുറത്തുനിന്നെത്തിയവരിൽ ഒരാൾ ജോഷ്വായെ പിന്നിൽനിന്നു വട്ടം പിടിക്കുന്നതും മറ്റുള്ളവർ കത്തി പിടിച്ചു വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
പരാതി, കേസ് ഇങ്ങനെ:ഇരൂകൂട്ടരുടെയും പരാതിയിൽ പൊലീസ് രണ്ടു കേസുകളെടുത്തിട്ടുണ്ട്. ജോഷ്വായുടെ പരാതിയിൽ നാലു പേർക്കെതിരെയും തൃശൂർ പുത്തൻചിറ സ്വദേശിയുെട പരാതിയിൽ കണ്ടാലറിയുന്ന ആൾക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കൈ പിടിച്ചു തിരിച്ചെന്നും ഫോൺ തട്ടിപ്പറിച്ചു പുറത്തേക്ക് ഇറങ്ങിയതു ചോദിച്ചു ചെന്നപ്പോൾ ഒരാൾ പിന്നിൽനിന്ന് ‘ലോക്ക്’ ചെയ്തെന്നും മൂന്നു പേർ ദേഹോപദ്രവം ഏൽപ്പിക്കുകയും 83,000 രൂപയുടെ മൊബൈൽ ഫോൺ എടുത്തുകൊണ്ടു പോയെന്നും ജോഷ്വായുടെ പരാതിയിലുള്ള എഫ്ഐറിൽ പറയുന്നു.ഭക്ഷണത്തിന്റെ അളവു കുറഞ്ഞത് ചോദിച്ചതിന്റെ പേരിൽ സഹോദരനെയും സുഹൃത്തുക്കളെയും തടഞ്ഞു വച്ചിരിക്കുന്നു എന്നറിഞ്ഞാണ് സ്ഥാപനത്തിലെത്തിയത് എന്ന് പുത്തൻചിറ സ്വദേശിയുടെ പരാതിയിൽ എടുത്ത കേസിന്റെ എഫ്ഐആറിൽ പറയുന്നു. ചോദ്യം ചെയ്ത സമയം സ്ഥാപനത്തിലുണ്ടായിരുന്ന ആൾ കത്തി വീശി പരുക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും പുറത്തുവച്ച് തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
സ്ഥാപനം പുറത്തിറക്കിയ വാർത്താക്കുറിപ്പ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടന്നു വരികയാണ്. കേസ് അന്വേഷണത്തിൽ സഹകരിക്കും. സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള അക്രമമോ മോശം പെരുമാറ്റമോ അംഗീകരിക്കാൻ കഴിയില്ല. കസ്റ്റമർമാരുടെയും ജീവനക്കാരുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഏറ്റവും പ്രധാനമാണ്. ഈ സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ട മാനേജരെ പിരിച്ചുവിടുന്നു. സ്ഥാപനത്തിന്റെ ആഭ്യന്തര പ്രോട്ടോക്കോളും പരിശീലന പരിപാടികളും റിവ്യൂ ചെയ്യുകയും ഭാവിയിൽ മോശപ്പെട്ട സംഭവങ്ങൾ ഉണ്ടാകില്ല എന്നുറപ്പാക്കുകയും ചെയ്യും.














