കോഴിക്കോട് ∙ കൈതപ്പൊയിലിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച ഹസ്‌നയ്‌ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. കഴിഞ്ഞ അഞ്ചുമാസമായി ഹസ്‌ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആദിലിന് ക്രിമിനൽ പശ്ചാത്തലമുളളതും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിരുന്നതും വളരെ വെെകിയാണ് ഹസ്‌ന അറിഞ്ഞതെന്ന് ബന്ധു പറഞ്ഞു.
മരിക്കുന്നതിന് തലേദിവസം ഹസ്‌ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ എല്ലാം തീർത്തതിനു ശേഷം വീട്ടിലേക്കു വരുമെന്നും മകനൊപ്പം നന്നായി ജീവിക്കണമെന്നും ഹസ്‌ന പറഞ്ഞു. എന്നാൽ പിറ്റേന്ന് ഉമ്മ ഹസ്‌നയെ വിളിച്ചപ്പോൾ ആദിലാണ് ഫോണെടുത്തത്. ഹസ്‌ന തലവേദന കാരണം കിടക്കുകയാണെന്നു പറഞ്ഞു. പിന്നാലെ ഇയാൾ തന്നെ വീട്ടിലേക്ക് വിളിച്ച് ഹസ്‌ന ആത്മഹത്യ ചെയ്ത കാര്യം അറിയിക്കുകയായിരുന്നുന്നെന്ന് ബന്ധു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം, ഹസ്‌നയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.














