കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്. സെന്ററിലെ 100 കിടക്കകള്‍ക്കായി ആദ്യഘട്ടത്തിലേക്ക് ആവശ്യമായ തസ്തികകളാണ് സൃഷ്ടിച്ചത്.മധ്യകേരളത്തിലെ രോഗികള്‍ക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്നതാണ് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലൂടെ ലക്ഷ്യമിടുന്നത്.
രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയ, അത്യാധുനിക കാന്‍സര്‍ ചികിത്സയും ഗവേഷണവും വരെ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയനഷ്ടവും കുറയ്ക്കാനും ഉപകരിക്കും. അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഈ സെന്റര്‍ സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.














