പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി’ പ്രോജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.സ്കൂളിലെ 85 കേഡറ്റുകൾ ചേർന്ന് പ്രദേശത്തെ അയൽക്കൂട്ടങ്ങളിലും വീടുകളിലുമായി രക്തദാന ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. ചടങ്ങിൽ വെച്ച് പനമരം പഞ്ചായത്ത് വാർഡ് മെമ്പറും SPC കേഡറ്റ് മാനവിന്റെ അമ്മയുമായ ശ്രീമതി അജിഷ തന്റെ രക്തദാന സമ്മതപത്രം കൈമാറി പദ്ധതിയുടെ ആദ്യ പ്രവർത്തനത്തിന് തുടക്കമിട്ടു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന സജി, വാർഡ് മെമ്പർ ഷാജി കോവ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ശ്രീനിവാസൻ സാറിനെ ചടങ്ങിൽ ആദരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെയും ഡ്രിൽ ഇൻസ്ട്രക്ടറുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പ് കേഡറ്റുകൾക്ക് പുതിയ ഊർജ്ജമായി.














