പാലക്കാട്∙ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ പരാതി. അതിജീവിതയുടെ ഭർത്താവാണ് രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. 2 മാസം മാത്രം നീണ്ട കുടുംബജീവിതം തകരാൻ കാരണം രാഹുലായിരുന്നു.
വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ തന്റെ ഭാര്യയെ വശീകരിച്ചു. താനും ഭാര്യയുമായുള്ള പ്രശ്നം തീർക്കാനാണ് രാഹുൽ ശ്രമിച്ചെന്നായിരുന്നു വാദം. എന്നാൽ ഇത്തരം ഒരു നീക്കവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ അവസരം മുതലെടുത്തു. സമൂഹമാധ്യമങ്ങളിൽ തന്റെ ലൈംഗികശേഷിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള മോശപ്പെട്ട പ്രതികരണങ്ങൾ കാണാനിടയായി. മാനസികമായി തകർച്ചയിലേക്ക് നയിച്ചു. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും അതിജീവിതയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.














