National

തീപിടിത്തത്തിനു സാധ്യത: വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡിജിസിഎ, യാത്രക്കാർക്കായി ബോധവൽക്കരണം

ന്യൂഡൽഹി ∙ വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ എന്നും ഓവർഹെഡ് കംപാർട്ടുമെന്‍റുകളിൽ (സീറ്റിനു മുകളിലുള്ള ലോക്കറിൽ) സൂക്ഷിക്കാൻ കഴിയില്ലെന്നും ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു. വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നടപടി.

വിമാനയാത്രയ്ക്കിടെ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് പുതിയ സർക്കുലർ. വിമാനക്കമ്പനികൾ നൽകുന്ന ഇൻ-സീറ്റ് പവർ സപ്ലൈ സിസ്റ്റങ്ങളിൽ പ്ലഗ് ചെയ്ത് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും യാത്രക്കാർക്ക് വിലക്കുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവര്‍ ബാങ്കിനു തീപിടിച്ചിരുന്നു. ഡൽഹിയിൽ നിന്നും നാഗാലാൻഡിലെ ദിമാപൂരിലേക്ക് പുറപ്പെടാനൊരുങ്ങിയ 6ഇ 2107 നമ്പർ വിമാനത്തിലായിരുന്നു സംഭവം. ടാക്സിയിങ്ങിനിടെയായിരുന്നു തീപിടിത്തം.

വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിർദേശം കൈമാറിയിട്ടുണ്ട്. ടെർമിനൽ പ്രവേശന കവാടങ്ങൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ലിഥിയം ബാറ്ററി തീപിടിത്ത സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ സുരക്ഷാ സന്ദേശങ്ങളും വിഡിയോകളും പ്രദർശിപ്പിക്കണമെന്ന് ഡിജിസിഎ വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടു. പവർ ബാങ്കുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനു എയർലൈനുകളുമായി സഹകരിക്കാനും വിമാനത്താവളങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.