ദുബൈ: ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മെസേജ് ആയി ഒ ടി പി അയക്കുന്ന സംവിധാനം യു എ ഇ ബാങ്കുകൾ അവസാനിപ്പിക്കുന്നു. പേയ്മെന്‍റ് ഓതന്‍റിക്കേഷൻ ബാങ്കിന്റെ ആപ്ലിക്കേഷൻ വഴി മാത്രമേ ചെയ്യാൻ കഴിയൂ. പുതിയ രീതി ജനുവരി ആറ് മുതൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ രീതി സംബന്ധിച്ച അറിയിപ്പ് ഉപഭോക്താക്കൾക്ക് ബാങ്കുകൾ നൽകി തുടങ്ങി. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യണം. പുതിയ മാറ്റത്തിലൂടെ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കാൻ കഴിയും. ഇതിലൂടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും കസ്റ്റമേഴ്സിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒ ടി പി അടിസ്ഥാനമാക്കിയാണ് മിക്ക സൈബർ തട്ടിപ്പുകളും നടക്കുന്നത്. ഇടപാടുകൾ ആപ്പ് വഴി ആകുന്നതോടെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്, പാസ്കോഡ്,ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക് ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.














