ബെംഗളൂരൂ∙ ഹോസകോട്ടയിലെ സുളുബലെയിൽ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. സാമ്പത്തിക പ്രയാസം നീങ്ങാനാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്. അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.
ജനത കോളനിയിലായിരുന്നു സംഭവം. ഇന്നലെ രാത്രി സയ്യദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടന്നതെന്ന് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ദമ്പതികൾ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വ്യാജ ജനന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. അധികൃതരെത്തിയപ്പോൾ ഇവർ ജനനസർട്ടിഫിക്കറ്റ് കാണിച്ചു. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ദമ്പതികൾക്കെതിരെ കേസെടുത്തു.














