Kerala

കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗം, 16 കോച്ചുകൾ

ന്യൂഡൽഹി ∙ കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും.

പകൽ യാത്രകളെ ആയാസരഹിതമാക്കിയ വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്കു ലഭിച്ച വൻ സ്വീകാര്യതയാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ പ്രേരണയായത്. മണിക്കൂറിൽ 180 വരെ കിലോമീറ്റർ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം. വിമാനങ്ങളിലേതിനു സമാനമായ കേറ്ററിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കും. തേഡ് എസിയിൽ 2300, സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ് എസിയിൽ 3600 എന്നിങ്ങനെയായിരിക്കും ഭക്ഷണം ഉൾപ്പെടെ ഏകദേശ ടിക്കറ്റ് നിരക്ക്.

കുലുക്കമില്ലാത്ത യാത്ര ഉറപ്പു നൽകുന്ന ട്രെയിനിൽ മികച്ച ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പൂർണമായും തദ്ദേശീയമാണ് നിർമാണം. 6 മാസത്തിനകം 8 ട്രെയിനുകൾ കൂടി ഓടിക്കാൻ കഴിയും. ഈ വർഷാവസാനത്തോടെ 12 വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾ തുടങ്ങും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.