Kerala

ആളില്ലാത്ത വീട്ടിൽ നിന്ന് 15 പവൻ സ്വർണവും പണവും മോഷ്ടിച്ചു; പ്രതി പിടിയിൽ

താമരശ്ശേരി∙ കൈതപ്പൊയിൽ നോളജ് സിറ്റിയ്ക്കടുത്തുള്ള വീട്ടിൽ നിന്നും 15 പവൻ സ്വർണവും, ഒന്നേകാൽ ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ ചാവക്കാട് റഫീക്ക് എന്ന വെന്താട്ടിൽ റഫീക്കിനെ പൊലീസ് പിടികൂടി. റഫീക്ക് താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പൊലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ഇയാളെ പിടികൂടിയത്. താമരശ്ശേരി ഡിവൈഎസ്പി പി.അലവിയുടെ നേതൃത്വത്തിൽ കേരളത്തിലെ സമാന രീതിയിലുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന കിട്ടിയത്.

മോഷ്ടിച്ച 10 പവൻ ആഭരണവും പണവും വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. മേപ്പാടിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയ 34 ഗ്രാം സ്വർണവും കണ്ടെടുത്തു. ഈ മാസം 28 ന് പുലർച്ചെയാണ് ട്രാവൽ ഏജൻസി നടത്തുന്ന വേഞ്ചേരി അരിയാർ കുന്നത്ത് ഷൈജലിന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ പോയ സമയത്താണ് മോഷണം നടന്നത്. പുലർച്ചെ 3 മണിക്ക് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്. റൂമിന്റെ വാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. കവർച്ചയ്ക്ക് ശേഷം പ്രതി സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഊരിയെടുത്തിരുന്നു. വൈകുന്നേരം ബൈക്കിൽ അടിവാരം, പുതുപ്പാടി ഭാഗങ്ങളിൽ കറങ്ങിയാണ് പ്രതി ആളില്ലാത്ത വീട് കണ്ടെത്തിയത്.

2017 ൽ മലപ്പുറം, തൃശൂർ ജില്ലകളിൽ നിരവധി വീടുകളിൽ കവർച്ച നടത്തിയതിന് ഇയാൾ പിടിക്കപ്പെട്ടിരുന്നു. പിന്നീട് മേപ്പാടിയിൽ ഭാര്യ വീടിനടുത്തു വാടക വീടുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസാണ് എന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. മോഷണം നടത്തിയ ബൈക്കുകളാണ് ഇയാൾ കവർച്ചയ്ക്കായി ഉപയോഗിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.