ബെംഗളൂരു ∙ ഉത്തര കന്നഡയിലെ യെല്ലാപുരയിൽ വിവാഹ വാഗ്ദാനം നിരസിച്ചതിനു ദലിത് യുവതിയെ നടുറോഡിലിട്ടു കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് പെൺകുട്ടിയെ കുത്തിക്കൊന്ന സംഭവം നഗരത്തിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ലവ് ജിഹാദ് ആരോപിച്ചു ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് രംഗത്തു വന്നിരുന്നു. തുടർന്നു യെല്ലാപുരയിൽ ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
പ്രദേശത്തു സംഘർഷാവസ്ഥയെ തുടർന്നു പൊലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച രഞ്ജിത ബനസോഡെയെ(30) കുത്തിക്കൊന്ന റഫീഖ് ഇമാംസാബിനെ ഇന്നലെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും യെല്ലാപുര കാലമ്മ നഗർ സ്വദേശികളും സ്കൂൾ കാലം മുതൽ പരിചയക്കാരുമാണ്.
മഹാരാഷ്ട്ര സോളാപൂർ സ്വദേശി സച്ചിൻ കട്ടേരയെ 12 വർഷം മുൻപു വിവാഹം ചെയ്ത രഞ്ജിതയ്ക്കു 10 വയസ്സുള്ള മകനുണ്ട്. ഇരുവരും വേർപിരിഞ്ഞ ശേഷം രഞ്ജിത യെല്ലാപുരയിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. തുടർന്നു സർക്കാർ സ്കൂളിൽ ഉച്ചക്കഞ്ഞി വയ്ക്കാൻ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. റഫീഖ് ഒട്ടേറെ തവണ വിവാഹാഭ്യർഥന നടത്തിയെങ്കിലും രഞ്ജിതയും വീട്ടുകാരും എതിർത്തു.
ശനിയാഴ്ച രഞ്ജിത ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ പിന്നാലെയെത്തിയ റഫീഖ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്. ശ്രീരാമസേനയും മറ്റു ഹിന്ദു സംഘടനകളും യെല്ലാപുര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് റഫീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.














