ആറ്റിങ്ങൽ∙ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരിക്കു ഗുരുതര പരുക്ക്. ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി ബ്ലോക്കിൽനിന്നുമാണ് വിദ്യാർഥി ചാടിയത്. ഉച്ചഭക്ഷണത്തിനുള്ള സമയത്ത് ഇവിടെ എത്തിയ വിദ്യാർഥി താഴേക്ക് ചാടുകയായിരുന്നു.
സംഭവം നടന്നയുടൻ സ്കൂൾ അധികൃതർ കുട്ടിയെ ആറ്റിങ്ങലിലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ക്രിസ്മസ് പരീക്ഷയുടെ അഞ്ചോളം പേപ്പറുകൾ ഇന്ന് നൽകിയിരുന്നു. ഇതിൽ പല വിഷയങ്ങൾക്കും മാർക്ക് കുറഞ്ഞതിലുള്ള വിഷമത്തെ തുടർന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, കുട്ടി ചാടിയതാണോ വീണതാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.














