Kerala

റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പികൾ മോഷണം പോകാതിരിക്കാൻ സ്ഥലത്ത് വൻ എക്സൈസ് സംഘം

കോഴിക്കോട് ∙ ഇന്നലെ പുലർച്ചെ കോവൂർ ഇരിങ്ങാടൻപള്ളി ജംക്‌ഷനിലുണ്ടായ അപകടത്തിൽ റോഡിൽ ഒഴുകിയതു 2989 കുപ്പി ബീയർ. കർണാടക ഹാസനിൽ നിന്നു 700 കെയ്സ് ബീയർ ബവ്റിജസ് കോർപറേഷൻ എറണാകുളം ഗോഡൗണിലേക്കു കൊണ്ടുപോകുമ്പോഴാണു കാറിടിച്ചു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. അതിൽ, 249 കെയ്സ് ബീയറിന്റെ കുപ്പി പൂർണമായും പൊട്ടി. മറ്റൊരു കെയ്സിലെ ഒരു കുപ്പിയും പൊട്ടിയിട്ടുണ്ട്. ലോറി നിയന്ത്രണം വിട്ടു മറിഞ്ഞതോടെ ബീയർ കുപ്പികൾ റോഡിൽ ചിതറി. പുലർച്ചെ 4ന് അപകട വിവരം അറിഞ്ഞ ഉടൻ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സും ചേവായൂർ എസ്ഐ അബ്ദുൽ മുനീറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി.

കാബിനുള്ളിൽ കുടുങ്ങി ലോറി ഡ്രൈവർഅപകടത്തിന്റെ ശബ്ദം കേട്ടും മറ്റും ഓടിയെത്തിയ നാട്ടുകാർ ലോറിക്കുള്ളിൽ കുരുങ്ങിപ്പോയ ഡ്രൈവർ അഖിൽ കൃഷ്ണനെ പുറത്തെടുക്കാനാകാതെ വലഞ്ഞു. നെഞ്ചിന്റെ താഴ്ഭാഗം പൂർണമായും കാബിനുള്ളിൽപെട്ട ഡ്രൈവറെ പുറത്തെടുക്കാനും മറ്റും ശ്രമിക്കുന്നതോടൊപ്പം അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ്, കാബിനിൽ കുരുങ്ങിയ ലോറി ഡ്രൈവർ അഖിൽ കൃഷ്ണനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.

ഗതാഗതം മുടങ്ങി, ഭീഷണിയായി കുപ്പിച്ചില്ല്ലോറി മറിഞ്ഞതിനെ തുടർന്നു ജംക്‌ഷനിൽനിന്നു ചേവരമ്പലം ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നേരം പുലർന്നു തിരക്കു വർധിക്കും മുൻപു ലോറി നിവർത്തിയും റോഡിൽ ചിതറിയ കുപ്പിച്ചില്ലുകൾ മാറ്റിയും ഗതാഗതം സുഗമമാക്കി. അഗ്നിരക്ഷാസേനയും പൊലീസും വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ചേർന്നാണു ചില്ലുകൾ റോഡിൽ നിന്നു മാറ്റിയത്. പെട്ടികൾ പൊട്ടി ചിതറിയ ബീയർ കുപ്പികൾ മോഷണം പോകാതിരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തി.

എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫ്, സിഐ ഗിരീഷ്, ഇൻസ്പെക്ടർ നിഷിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ എക്സൈസ് സംഘം സ്ഥലത്തുണ്ടായിരുന്നു. അവരുടെ നേതൃത്വത്തിലാണു പൊട്ടാത്ത ബീയർ കുപ്പികൾ എണ്ണി തിട്ടപ്പെടുത്തി മറ്റൊരു ലോറിയിലേക്കു മാറ്റിയത്.അപകട കാരണം അമിതവേഗം അപകട കാരണം കാറിന്റെ അമിതവേഗമാണ് എന്നു പൊലീസ്. കാർ അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചുവന്നു ലോറിയുടെ പിൻഭാഗത്തു തട്ടുകയായിരുന്നു. ലോറി താരതമ്യേന കുറഞ്ഞ വേഗത്തിൽ ജംക്‌ഷൻ കടന്നുപോകുന്നതിനിടെ കാറിന്റെ ഇടിയേറ്റ് നിയന്ത്രണം വിട്ടു. കാറിന്റെ മുൻഭാഗവും തകർന്നു. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തപ്പോഴും ജംക്‌ഷൻ മുന്നറിയിപ്പു നൽകുന്ന മഞ്ഞ ലൈറ്റ് തെളിയാറുണ്ട്. അത് ആരും ശ്രദ്ധിക്കാറില്ല. ഇന്നലെ കാർ ഓടിച്ചയാൾ അതു ശ്രദ്ധിക്കാത്തതാണ് അപകടത്തിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.