തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ ഫലമായി വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു പ്രവചനം. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തെക്കൻ തമിഴ്‌നാട് മേഖലയിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി ശ്രീലങ്കയുടെ ഭാഗത്ത് എത്തുന്നത് അനുസരിച്ചു കാലാവസ്ഥയിൽ മാറ്റമുണ്ടാവും. കേരളത്തിൽ മധ്യ- തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ജനുവരി 9ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.














