മലപ്പുറം∙ ഞായറാഴ്ച രാത്രി കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇനിയും പുറപ്പെട്ടില്ല. സാങ്കേതിക തകാരാറുള്ളതിനാലാണ് യാത്ര നീട്ടിവയ്ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രി 11.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ ഉണ്ടെന്നും യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തേണ്ടെന്നും ഞായറാഴ്ച വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചു.
തുടർന്ന് മൂന്നുവട്ടം യാത്ര നീട്ടിവയ്ക്കുന്നതായി അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ 10.30നു സർവീസ് നടത്തുമെന്ന അറിയിപ്പ് നൽകി. തുടർന്ന് യാത്രയ്ക്ക് എത്തിയവരാണ് ഇപ്പോൾ വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. അതേസമയം, ടിക്കറ്റ് തുക തിരികെ നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറയുന്നു. എന്നാൽ ഇതു നിരസിച്ച യാത്രക്കാർ പകരം യാത്രാസംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ തുടരുകയാണ്.














