Kerala

സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചിയിൽ നാലര ലക്ഷം രൂപ

ചാരുംമൂട് ∙ സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നു നാലര ലക്ഷം രൂപ ലഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ 5ന് സന്ധ്യയോടെയാണു സ്കൂട്ടർ ഇടിച്ചത്. താഴെ വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിലാസം. തലയ്ക്ക് പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടർ നിർദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയി.

ഇന്നലെ രാവിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികൾ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.സഞ്ചികൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും ലഭിച്ചത്.

തുടർന്നു പഞ്ചായത്തംഗം ഫിലിപ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എസ്ഐ രാജേന്ദ്രൻ, എഎസ്ഐ രാധാകൃഷ്ണൻ ആചാരി, സിപിഒ മണിലാൽ, സാമൂഹിക പ്രവർത്തകനായ അരവിന്ദാക്ഷൻ എന്നിവർ ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. 5 പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിൽ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്.ശ്രീകുമാർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.