മാനന്തവാടി: ‘വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്ന സന്ദേശവുമായി ആരോഗ്യ കേരളത്തിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഗവ.യുപി സ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആന്‍സി മേരി ജേക്കബ് അധ്യക്ഷത വഹിച്ചു.ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ജെറിന്‍ എസ്. ജെറോഡ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ഓഫീസര്‍ പി.എം. ഫസല്‍, പ്രധാനാധ്യാപകന്‍ ടി.പി. വര്‍ക്കി, ഡിവിഷന്‍ കൗണ്‍സിലര്‍ ഹംസ, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മജോ ജോസഫ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജോയ് എന്നിവര്‍ പ്രസംഗിച്ചു.വ്യക്തി ശുചിത്വം, കുടിവെള്ള-ഭക്ഷണ പരിസര ശുചിത്വം പ്രോത്സാഹിപ്പിക്കാന്‍ ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചാണ് ദിനാചരണം നടത്തിയത്.
19 വയസ് വരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡസോള്‍ വിര നശീകരണ ഗുളിക നല്‍കി. വിരനശീകരണ ഗുളികകള്‍ കഴിക്കാത്ത കുട്ടികള്‍ക്ക് 12ന് ഗുളിക നല്‍കും. കുട്ടികള്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ വിര നശീകരണ ഗുളിക നല്‍കുന്നത് വിരബാധ ഇല്ലാതാക്കാന്‍ സഹായിക്കും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും. വിരബാധ കുട്ടികളില്‍ പോഷണക്കുറവ്, വിളര്‍ച്ച, ദഹനം, ഉത്സാഹക്കുറവ്, ക്ഷീണം, പഠനക്കുറവ്, വളര്‍ച്ച പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.














