രാജാക്കാട്∙ രാജേഷിനിപ്പോൾ മനസ്സിലാണ് തീ! ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ 2 വർഷത്തിനിടെ 3 തവണയാണു സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചത്. ആരാണെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടുമില്ല. രണ്ടാമതു വാങ്ങിയ ഓട്ടോയും കത്തി നശിച്ചതിനാൽ നിലവിൽ കൂലിപ്പണി ചെയ്താണു രാജേഷ് കുടുംബം നോക്കുന്നത്. രാജാക്കാട് മുല്ലക്കാനം ചൂഴിക്കരയിൽ രാജേഷിന്റെ വീട്ടിലേക്കു വാഹനം പോകുന്ന റോഡില്ല. അയൽവാസിയുടെ വീട്ടുമുറ്റത്താണു രാത്രി ഓട്ടോ നിർത്തിയിടുന്നത്. 2024 നവംബർ 11നു രാത്രിയിലാണ് ആദ്യം ഓട്ടോറിക്ഷ കത്തിക്കുന്നത്. 60,000 രൂപ മുടക്കി നന്നാക്കി വീണ്ടും ഓടിച്ചു തുടങ്ങി. അന്ന് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 8,000 രൂപ മാത്രമാണു നഷ്ടപരിഹാരം ലഭിച്ചത്. 2025 സെപ്റ്റംബർ 12ന് ആരോ വീണ്ടും കത്തിച്ചു. അന്നു പൂർണമായും നശിച്ച ഓട്ടോയ്ക്ക് 39,000 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി നൽകിയത്.
കടം വാങ്ങിയെടുത്ത അടുത്ത ഓട്ടോറിക്ഷ കഴിഞ്ഞ മാസം 17നു വീണ്ടും കത്തിച്ചു. ഇത്തവണയും പൂർണമായും കത്തി. ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്ന സ്ഥലത്ത് സിസിടിവി ക്യാമറ രാജേഷ് സ്ഥാപിച്ചിരുന്നു. ഹെൽമറ്റും മാസ്ക്കും വച്ച ഒരാൾ ഓട്ടോറിക്ഷയ്ക്ക് തീയിടുന്നത് ഇൗ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ രാജാക്കാട് പൊലീസിനു കൈമാറിയിട്ടുണ്ട്.














