Wayanad

മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം- എസ്ഡിപിഐ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച സംഭവം അതീവ ഗുരുതരമാണെന്നും ഇതിന് ഉത്തരവാദികളായ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഉടൻ അന്വേഷണ വിധേയമാക്കി കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 21 വയസ്സുള്ള യുവതി മാസങ്ങളോളം കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും മാനസിക വേദനയും അനുഭവിക്കേണ്ടിവന്ന സാഹചര്യം അത്യന്തം ഗൗരവകരമാണ്.

ചികിത്സാ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാതിരുന്നതും ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരിയായി പരിശോധിച്ച് പുറത്തെടുക്കാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് പാർട്ടി ആരോപിച്ചു.സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ് പോലുള്ള പ്രധാന ആരോഗ്യസ്ഥാപനങ്ങളിൽ തന്നെ ഇത്തരത്തിലുള്ള ഗുരുതര അനാസ്ഥ സംഭവിക്കുന്നത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യുവതിക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ തുടർചികിത്സയും സർക്കാർ അടിയന്തരമായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ കർശന നിരീക്ഷണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പാക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.മണ്ഡലം പ്രസിഡന്റ് വി സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി. കെ, ട്രഷറർ ഷുഹൈബ്, കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ആലി പി, സാദിഖ് വി, സുമയ്യ പി കെ, ഖദീജ ടി എന്നിവർ സംസാരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.