വയനാട് പുൽപ്പളളി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയിൽ വിജയിച്ച രണ്ട് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ഡിസിസിയുടെ നിർദേശത്തെ തുടർന്നാണ് രാജി. സെലിൻ മാനുവൽ, ഗീത കുഞ്ഞികൃഷ്‌ണൻ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും പരസ്പ്‌പരം വോട്ട് ചെയ്‌തുവെന്ന് ആരോപണമുയർന്നിരുന്നു. എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളിൽ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകൾ നേടി ബിജെപി പ്രതിനിധികൾ വിജയിക്കുകയായിരുന്നു.കോൺഗ്രസ് നേതാവ് എം ടി കരുണാകരൻ ബിജെപിയുമായി സഖ്യമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
പാർട്ടി നിർദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്‌തെന്നാണ് കരുണാകരൻ പറഞ്ഞത്. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന ആരോപണവുമായി സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.














