തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, നിയമനം കിട്ടാതെ ചങ്കിടിപ്പോടെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പൊലീസ് (കമാന്‍ഡോ വിങ്) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ 4 മാസം മാത്രം ബാക്കിയുള്ളപ്പോഴും നിയമനത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ജോലിസ്വപ്‌നം പൊലിയുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. പിഎസ്‌സി നിയമനങ്ങളെ പെരുമാറ്റച്ചട്ടം ബാധിക്കുന്നില്ലെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രതിസന്ധിയുണ്ടാകും.
മെയിന്‍ ലിസ്റ്റില്‍ 735, സപ്ലിമെന്ററി ലിസ്റ്റില്‍ 332 എന്നിങ്ങനെ 1,067 പേരെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 341 പേര്‍ക്കു മാത്രമേ (32%) ഇതുവരെ നിയമന ശുപാര്‍ശ ലഭിച്ചിട്ടുള്ളൂ. 726 പേര്‍ നിയമനം കാത്തിരിക്കുന്നു. ആകെ നിയമന ശുപാര്‍ശയില്‍ 74 ഒഴിവും എന്‍ജെഡിയാണ് (നോണ്‍ ജോയിനിങ് ഡ്യൂട്ടി). യഥാര്‍ഥ നിയമനം 267 മാത്രം. 2024 മേയ് 23നു നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് അടുത്ത മേയ് 22ന് അവസാനിക്കും. ഈ തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 663 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്ന സ്ഥാനത്താണ് ഇത്തവണത്തെ ലിസ്റ്റില്‍ നിന്നുള്ള നിയമന നിഷേധം.
പിഎസ്‌സി വഴി നിയമനം നടക്കുന്ന മറ്റു തസ്തികകളിലെപോലെ കൃത്യമായ ഇടവേളകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തസ്തികയല്ല ഐആര്‍ബി കമാന്‍ഡോ തസ്തികയെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. നിയമനം നേടി 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന കമാന്‍ഡോകള്‍ മാതൃ ബറ്റാലിയനിലേക്ക് മടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളാണ് ഈ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2027 മുതല്‍ 2030 വരെയുളള കാലയളവില്‍ 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടുതല്‍ നേടാനിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലേ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനം നടക്കൂ.
ഉദ്യോഗാര്‍ഥികള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ പലരുമായും ബന്ധപ്പെടുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൂട്ടാക്കുന്നില്ല. കൊല്ലം കേന്ദ്രമാക്കി പുതിയ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിയമന കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
ഇക്കാര്യം അടിയന്തരമായി പരിഗണിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയാറായില്ലെങ്കില്‍ ഇവരുടെ പ്രതീക്ഷകള്‍ അസ്തമിക്കും. ഒഎംആര്‍ പരീക്ഷയ്‌ക്കൊപ്പം 24 മിനിറ്റിനുള്ളില്‍ 5 കിലോമീറ്റര്‍ ഓടിത്തീര്‍ക്കണമെന്നുള്ള എന്‍ഡ്യുറന്‍സ് ടെസ്റ്റ്, ത്രീ സ്റ്റാര്‍ ഫിസിക്കല്‍ ടെസ്റ്റ് തുടങ്ങി കടുത്ത കടമ്പകള്‍ താണ്ടി ഏറെ കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയവരാണ് സര്‍ക്കാരിന്റെ കരുണ കാത്ത് കഴിയുന്നത്.














