കോഴിക്കോട്: വിജ്ഞാപനങ്ങളിൽ റെക്കോർഡിട്ട് പിഎസ്സി. 902 വിജ്ഞാപനങ്ങളാണ് 2025 ൽ പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പിഎസിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാപനം പുറപ്പെടുവിച്ച വർഷമാണ് 2025. 2022 ലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്. അന്ന് 816 വിജ്ഞാപനങ്ങളാണ് പിഎസ്‌സി പുറത്തിറക്കിയിരുന്നത്. പ്രസിദ്ധീകരിച്ചതിൽ കൂടുതലും എൻസിഎ-സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളാണ്. ആനുപാതികമായി ജനറൽ വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
2025 ലെ 902 വിജ്ഞാപനങ്ങളിൽ 294 എണ്ണവും ഡിസംബർ 30,31 തിയതികളിൽ പ്രസിദ്ധീകരിച്ചവായാണ്. ഡിസംബർ 30 ന് 74 എണ്ണവും 31 ന് 220 വിജ്ഞാപനങ്ങളും പ്രസിദ്ധീകരിച്ചു. 2024 ല് 812 വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചത്. അതിനേക്കാൾ 90 വിജ്ഞാപനങ്ങൾ 2025 ൽ വർധിച്ചു. കെഎഎസിന്റെറെ ആയിരുന്നു ഈ വർഷത്തെ ആദ്യ വിജ്ഞാപനം. അതിനുശേഷം നവംബർ വരെ 536 വിജ്ഞാപനങ്ങളുണ്ടായി. അവസാനമാസമായ ഡിസംബറിൽ 360 ലേറെ പ്രസിദ്ധീകരിച്ചു.സർവകലാശാല അസിസ്റ്റൻ്റ്, കമ്പനി/ബോർഡ്/കോർപറേഷനുകളിൽ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, ബീവറേജസ് കോർപറേഷൻ ക്ലർക്ക്, വിവിധ വിഷയങ്ങളിൽ ഹയർസെക്കന്ററി അധ്യാപകർ, അസിസ്റ്റൻ്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയവയക്കും യൂണിഫോം തസ്‌തികളിലേക്കുള്ള വാർഷിക വിജ്ഞാപനങ്ങളും 2025 ൽ പ്രസിദ്ധീകരിച്ചു.
മുൻ റാങ്ക് പട്ടിക കാലാവധി തികയ്ക്കാതെ റദ്ദായതിനാൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടി വന്ന തസ്‌തികകളുമുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർവുമൺ, ഓവർസിയർ/ഡ്രാഫ്റ്റ്സ് മാൻ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിലുള്ളവയാണ്.














