.കൽപ്പറ്റ: കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാട്ടിൽ തണുപ്പ് കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ സമയം വെയിലത്തിട്ട് ഉണക്കിയില്ലങ്കിൽ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻറെ മുന്നറിയിപ്പ് .അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ചുരുങ്ങിയത് 12 ദിവസമെങ്കിലും വെയിലത്തിട്ട് ഉണക്കൽ ആവശ്യമാണെന്ന് കോഫി ബോർഡ് അധികൃതർ മുന്നറിയിപ്പു നൽകി.
സിമൻറ് ചെയ്തതോ ഇൻറർലോക്ക് പാകിയതോ ആയ കളങ്ങളിൽ ഉണക്കണമെന്നും നിർദ്ദേശമുണ്ട്. വർഷങ്ങളുടെ മുന്നൊരുക്കം കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വയനാടൻ റോബസ്റ്റ കാപ്പിയുടെ രുചിയും കപ്പിങ് ഗുണമേന്മയും വർദ്ധിച്ചിരുന്നു .ഇത് വില ഉയരാനും അന്താരാഷ്ട്രതലത്തിൽ ഡിമാൻഡ് വർദ്ധിക്കാനും കാരണമായിരുന്നു. ഇത്തവണ കഴിഞ്ഞ വർഷങ്ങളെകാൾ ഉൽപാദനം കൂടുതലുണ്ട്. തൊഴിലാളി ക്ഷാമം ഉള്ളതിനാൽ നന്നായി പഴുത്ത കാപ്പിയും അതോടൊപ്പം ഉള്ള പച്ച കാപ്പിയും ഒരുമിച്ച് പറിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് ഒഴിവാക്കണമെന്ന് അധികൃതർ പറയുന്നു.
ഒരു കാപ്പി ചെടിയിൽ തന്നെ ഒരുമിച്ച് കാപ്പിക്കുരു പഴുക്കാറില്ല. അതിനാൽ പഴുത്ത കാപ്പി മാത്രം ആദ്യം പറിച്ചെടുക്കുകയും രണ്ടാംഘട്ടത്തിൽ പച്ചക്കുരു പഴുത്തതിനുശേഷം പറിച്ചെടുക്കുകയും വേണം. ഏതെങ്കിലും തരത്തിൽ ഒരുമിച്ച് പറിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഉണക്കുന്നതിന് മുമ്പ് പച്ചക്കാപ്പി വേർതിരിക്കണം. നന്നായി പഴുത്ത കാപ്പി വേർതിരിച്ച് 12- മുതൽ 15 ദിവസം വരെ നല്ല കളങ്ങളിൽ ഇട്ട് ഉണക്കണം. കാപ്പിയിലെ ജലാംശം 10 ശതമാനത്തിൽ കൂടാതിരിക്കുമ്പോഴാണ് നല്ല ഗുണനിലവാരം ലഭിക്കൂ. ഉണക്കിയ കാപ്പി സ്റ്റോറിൽ സൂക്ഷിക്കുന്നതിലും ശ്രദ്ധ വേണം. ഉണക്ക് കുറഞ്ഞാലും സൂക്ഷിക്കുന്ന സ്ഥലത്ത് ഈർപ്പം ഉണ്ടായാലും ഫംഗസ് ബാധയ്ക്ക് സാധ്യതയുണ്ട്. ഇങ്ങനെ ഫംഗസ് ബാധ വന്നു കഴിഞ്ഞാൽ രുചിയെയും കപ്പിങ് ഗുണനിലവാരത്തെയും വിലയേയും സാരമായി ബാധിക്കും.
ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള വയനാട് കേരളത്തിൽ ഇക്കാര്യത്തിൽ ഒന്നാമതുമാണ്. 70,000 ത്തോളം കർഷകർ വയനാട്ടിൽ കാപ്പി കൃഷിയിൽ നിന്നുള്ള വരുമാനത്തിലാണ് ജീവിക്കുന്നത്. ആഗോള വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഈ കർഷകരെ സാരമായി ബാധിക്കും. അതിനാൽ പ്രത്യേകമായി ഇപ്പോഴത്തെ തണുത്ത കാലാവസ്ഥയിൽ വിളവെടുപ്പ് കാലത്ത്മുൻവർഷങ്ങളെക്കാൾ ശ്രദ്ധ വേണമെന്ന് കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം. കറുത്തമണി പറഞ്ഞു. വിളവെടുപ്പ് കാലത്ത് ഒരു മാസത്തെ ശ്രദ്ധക്കുറവ് ഒരു വർഷത്തേക്കുള്ള വിപണിയെയാണ് സാരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.














