പാലക്കാട്∙ മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി. സംസ്‌കൃത അധ്യാപകൻ അനിൽ കുട്ടികളെ സ്കൂളിൽവച്ചും പീഡിപ്പിച്ചതായി യു.പി വിഭാഗത്തിലെ ആൺകുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നൽകി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്.
അഞ്ചു കുട്ടികൾ മലമ്പുഴ പൊലീസിൽ പരാതി നൽകി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും. ആദ്യഘട്ടത്തിൽ കൗൺസലിങ് നൽകിയ വിദ്യാർഥികളാണു സമാന ദുരനുഭവം നേരിട്ടതായി മൊഴി നൽകിയത്. ഇനി മറ്റു കുട്ടികൾക്കും സിഡബ്ല്യുസി കൗൺസലിങ് നൽകും. പീഡനത്തിനിരയായത് യുപി ക്ലാസുകളിലെ ആൺകുട്ടികളാണ്. നവംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂൾ കായികമത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അധ്യാപകൻ വിരുന്നൊരുക്കിയിരുന്നു. ഇതിൽ എത്താതിരുന്ന കുട്ടിയെ തന്റെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയോടു പറഞ്ഞതിനെ തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. സംഭവം കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിന് സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ശുപാർശ നൽകി.














