കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര ക്രിയകളും തടയുന്നതിനായി പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി.അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിയമനിർമ്മാണം വരുന്നത് വരെ ഒരു താത്കാലിക സംവിധാനമെന്ന നിലയിലാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
കേരള യുക്തിവാദി സംഘം നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.അന്ധവിശ്വാസവിരുദ്ധ നിയമം നടപ്പിലാക്കാൻ വൈകുന്ന സാഹചര്യത്തില്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനാണ് കോടതി നിർദ്ദേശിച്ചത്. നിലവിലുള്ള നിയമങ്ങള്‍ തന്നെ ഇത്തരം പ്രവർത്തനങ്ങള്‍ തടയാൻ പര്യാപ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുൻ നിയമ സെക്രട്ടറി ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എം.കെ. സക്കീർ എന്നിവരടങ്ങുന്ന സമിതി വിഷയത്തില്‍ പഠനം നടത്തി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പുതിയ നിയമനിർമ്മാണത്തിന് തടസ്സമാകില്ലെന്ന് നിരീക്ഷിച്ച കോടതി, കേസ് ഫെബ്രുവരി 10-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.














