വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തിൽ ഇമിഗ്രേഷൻ ഏജന്റ് പൊതുനിരത്തിൽ സ്ത്രീയെ വെടിവച്ചുകൊന്ന സംഭവത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധം. യു എസ് പൗരയായ റെനെ നിക്കോൾ ഗുഡ് (38) ആണു കൊല്ലപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കു കാർ തടഞ്ഞതു കൂട്ടാക്കാതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥൻ 2 തവണ നിറയൊഴിച്ചത്. ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം. 3 കുട്ടികളുടെ അമ്മയും കവിയുമായ റെനെ, 6 വയസ്സുള്ള മകനെ സ്കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു സംഭവം. കൊളറാഡോയിൽ ജനിച്ച യുവതി അടുത്തിടെയാണു മിനസോട്ടയിലേക്കു താമസം മാറിയത്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോൾ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ന്യൂയോർക്ക്, ഷിക്കാഗോ, സിയാറ്റിൽ, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. ആത്മരക്ഷാർഥമാണു ഓഫിസർ വെടിയുതിർത്തതെന്നു ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോയം ന്യായീകരിച്ചു.
മുഖംമൂടി ധരിച്ച സായുധ ഓഫിസർ കാർ തടഞ്ഞ് റെനിയോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുന്നതു വിഡിയോയിൽ കാണാം. വണ്ടിയുടെ ഡോർ ഹാൻഡിലിൽ ഉദ്യോഗസ്ഥൻ പിടിച്ചതിനു പിന്നാലെയാണ് കാർ മുന്നോട്ടെടുത്തത്. വണ്ടിയുടെ മുന്നിൽ നിന്ന ഓഫിസറാണു നിറയൊഴിച്ചത്.














