കട്ടപ്പന∙ യുവതിയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ മത്തായിപ്പാറ എം.സി കവലയ്ക്കു സമീപം മലേക്കാവിൽ രജനിയുടെ (38) മരണവുമായി ബന്ധപ്പെട്ട് പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് സുബിൻ (രതീഷ്) ആണ് മരിച്ചത്.
വീടിനു സമീപത്തെ കൃഷിയിടത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ ആറിന് വൈകിട്ട് നാലോടെയാണ് രജനിയെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം ഉച്ചയോടെ സുബിൻ ബസിൽ കയറിപ്പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. കുടുംബ കലഹം പതിവായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാകാം കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം.
സുബിൻ തമിഴ്നാട്ടിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ പരിശോധന നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാൾ കേരളത്തിലേക്ക് തിരിച്ചുപോന്നതായി സൂചന ലഭിച്ചു. അതോടെ വീടിന്റെ സമീപ മേഖകളിലെല്ലാം പരിശോധന നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സുബിൻ മുൻപ് രണ്ടുതവണ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള വ്യക്തിയാണ്.














