പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് റിമാൻഡ് റിപ്പോർട്ട്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി എൻ.മുരളീധരൻ റിമാൻഡ് അപേക്ഷ നൽകിയത്. പ്രതി എംഎൽഎയും ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളുമാണ്. രാഹുൽ തന്റെ സ്വാധീനത്താൽ അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
‘‘എഫ്ഐആർ റജിസ്റ്റർ ചെയ്തശേഷവും രാഹുൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ കേസിലും അത് ആവർത്തിക്കാനിടയുണ്ട്. രാഹുൽ പ്രതിയായ കേസുകളിൽ അതിജീവിതമാരെ സൈബർ ബുള്ളിയിങ് നടത്തി അധിക്ഷേപം നടത്തുകയും അതിജീവിതമാരുടെ വ്യക്തിവിവരം വെളിപ്പെടുത്തി അധിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അതിജീവിതമാരുടെ ജീവിതം അപകടത്തിലാകാൻ സാധ്യതയുണ്ട്.
നിയമനടപടികളെ വെല്ലുവിളിച്ച് ഒളിവില്‍പോയി കോടതിയുടെ തുടർനടപടികളിൽനിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണിന്റെ സ്ക്രീൻ പാറ്റേൺ–ലോക്ക് പൊലീസിനോട് പറയാൻ രാഹുൽ വിസമ്മതിച്ചു. അന്വേഷണവുമായി സഹകരിക്കുന്നില്ല. പ്രതി ധാരാളം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. കേസിന്റെ തെളിവിനായി അത് പിടിച്ചെടുക്കുന്നതിനു പ്രതിയെ കസ്റ്റഡിയിൽ ആവശ്യമാണ്. കൃത്യം നടന്ന സ്ഥലങ്ങളിൽപോയി അന്വേഷണം നടത്തണം.
പ്രതിയും അതിജീവിതയും തമ്മിലുള്ള ചാറ്റുകളും അതിജീവിതയുടെ നഗ്ന വിഡിയോകളും പകർത്തിയ പ്രതിയുടെ ഫോൺ കണ്ടെത്തുന്നതിനു പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. രാഹുൽ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരെയും അവിവാഹിതകളായ യുവതികളെയും വിവാഹ വാഗ്ദാനം നൽകി ദുരുപയോഗം ചെയ്തിട്ടുണ്ട്. പ്രതി സമാന രീതിയിലുള്ള കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ട്’’– റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു.














