Kerala

ഭൂട്ടാൻ വാഹനക്കടത്ത്: സംസ്ഥാനത്ത് ആദ്യ കേസ്; കൊച്ചിയിൽ എഫ്ഐആർ

കൊച്ചി∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യ കേസ് റജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശി മുഹമ്മദ് യഹ്യ നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭൂട്ടാനിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വാഹനം ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപയ്ക്കു വിറ്റു എന്നു കാട്ടിയാണ് പരാതി. ഡല്‍ഹി ലാജ്പത് നഗറിൽ താമസിക്കുന്ന രോഹിത് ബേദി എന്ന വാഹന ഇടപാടുകാരനെതിരെയാണ് കേസ്. ഐപിസി 406, 420 വകുപ്പുകൾ പ്രകാരം വിശ്വാസ വഞ്ചനയ്ക്കാണ് കേസ്.

∙ വിറ്റത് ഇന്ത്യൻ എംബസി ഉപയോഗിച്ചതെന്ന് പറഞ്ഞ്കസ്റ്റംസിന്റെ കൊച്ചി ഓഫിസ് ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടപടികള്‍ തുടങ്ങിയശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് കേരള പൊലീസിന്റെ അന്വേഷണവും. 2024 ജൂൺ–ജൂലൈ മാസങ്ങളിലാണു സംഭവം. ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസർ കാർ വിൽക്കാനുണ്ടെന്നും 14 ലക്ഷം രൂപയാണ് വിലയെന്നും രോഹിത് ബേദി തന്നെ വിശ്വസിപ്പിച്ചെന്ന് മുഹമ്മദ് യഹ്യയുടെ പരാതിയില്‍ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ജൂണ്‍ ഒടുവിൽ 50,000 രൂപ പണമായി നൽകി. ജൂലൈ ആദ്യം 4.5 ലക്ഷം രൂപ അക്കൗണ്ട് മുഖാന്തരം നൽകി. തുടർന്ന് ഡല്‍ഹിയിൽ വച്ച് 5 ലക്ഷം രൂപ പണമായും 4 ലക്ഷം രൂപ അക്കൗണ്ട് മുഖേനെയും വാങ്ങി വാഹനം നൽകി. ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധ മാർഗത്തിലൂടെ ഇറക്കുമതി ചെയ്ത് ഹിമാചൽ പ്രദേശിൽ റീ–റജിസ്റ്റർ ചെയ്ത വാഹനം കൈമാറി വിശ്വാസ വഞ്ചനയും ചതിയും നടത്തി എന്ന് എഫ്ഐആറിൽ പറയുന്നു.

∙ റീ റജിസ്റ്റർ ചെയ്തത് 200, പിടിച്ചെടുത്തത് 40ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി അതിർത്തി കടത്തി ഇന്ത്യയിൽ റീ റജിസ്റ്റർ ചെയ്ത 200ഓളം വാഹനങ്ങൾ കേരളത്തിലെത്തിയിട്ടുണ്ടെന്നായിരുന്നു കസ്റ്റംസ് വ്യക്തമാക്കിയത്. ഇത് സ്വന്തമാക്കിയവരിൽ ചലച്ചിത്ര താരങ്ങളും ബിസിനസ് പ്രമുഖരും അടക്കമുള്ളവരുണ്ട്. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ പക്കൽ ഇത്തരത്തിലുള്ള വാഹനങ്ങളുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിക്കുകയും ചെയ്തു. ദുൽഖറിന്റെയും അമിത്തിന്റെയും ഉടമസ്ഥതയിലുള്ള ഏതാനും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവയടക്കം 40ഓളം വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

∙ പിന്നിൽ കോയമ്പത്തൂർ സംഘംകേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടു വന്ന വാഹനങ്ങൾ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പേരൂർക്കട, കൊല്ലം സ്വദേശികൾ വാങ്ങിയ പ്രാഡോ, കൊച്ചി പള്ളുരുത്തി സ്വദേശിയുടെ നിസാൻ പട്രോൾ, കോട്ടയം കുമാരനല്ലൂർ, നീണ്ടൂർ സ്വദേശികൾ വാങ്ങിയ ടൊയോട്ട ലാൻഡ് ക്രൂസർ, അങ്കമാലി, കടവന്ത്ര, കലൂർ സ്വദേശികളും ഇതേ കാർ വാങ്ങിയിരുന്നു എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിപണിയിൽ ഒന്നും രണ്ടും കോടി രൂപ വരെ വിലയുള്ള കാറുകളാണു പകുതി വിലയ്ക്കു പലരും സ്വന്തമാക്കിയത്. വാഹനങ്ങൾ പൊളിച്ച് ഏതു കാറാണെന്നു തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കണ്ടെയ്നറുകളിലാക്കി റോഡ് വഴിയും വാഹനങ്ങൾ എത്തിച്ചിരുന്നു. കോയമ്പത്തൂർ കേന്ദ്രമാക്കിയ സംഘമാണ് ഇതിനു പിന്നിലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.