Kerala

പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ

തിരുവനന്തപുരം: കേരള പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് കൂട്ടായ്‌മ. കേരളത്തിലെ 14 ജില്ലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെട്ട കൂട്ടായ്‌മയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തങ്ങള്‍ സമരത്തിനില്ലെന്നും നയപരമായ കാര്യമായതിനാല്‍ പ്രായപരിധി വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവര്‍ പറഞ്ഞു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ 1ന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ദ്ധിപ്പിച്ചു.

എന്നാല്‍, പിഎസ്‌സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഇന്നും 36 വയസ്സായി തുടരുകയാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍, അപേക്ഷിക്കാനുള്ള പ്രായപരിധി ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്ന് പിഎസ്‌സി ഏജ് ഓവര്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു.രാജ്യത്തെ തൊഴിലില്ലായ്‌മയും നിലവിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് ഭൂരിഭാഗം സംസ്ഥാനങ്ങളും ഉയര്‍ന്ന പ്രായപരിധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തെലങ്കാന(46), ഗോവ(45), ആന്ധ്രാപ്രദേശ്(42), ഒഡീഷ(42), ഹരിയാന(42), ഉത്തരാഖണ്ഡ്(42), ഛത്തീസ്ഗഢ്(40), മധ്യപ്രദേശ്(40), ഉത്തര്‍പ്രദേശ്(40) തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിന് മാതൃകയാണ്.

മറ്റ് സംസ്ഥാനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ താത്പര്യം മുന്‍നിര്‍ത്തി ഇത്തരമൊരു തീരുമാനം കൈക്കൊണ്ട സാഹചര്യം കേരളം ഗൗരവമായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ പി ആന്‍ഡ് എആര്‍ഡി വകുപ്പിന് നിവേദനം നല്‍കുകയും, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഒറിജിനല്‍ ആപ്ലിക്കേഷനും ഫയല്‍ ചെയ്തു.2025 ജൂണ്‍ 04നാണ് ട്രൈബ്യൂണല്‍ മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്റെ വിധി 2025 ജൂണ്‍ 05ന് വരികയും ഉത്തരവിന്റെ പകര്‍പ്പ് 2025 ജൂണ്‍ 24ന് കേരള സര്‍ക്കാരിനും പിഎസ്‌സിക്കും അയച്ചു കൊടുത്തു. പരാതിക്കാരെ രണ്ട് മാസത്തിനകം ഹിയറിങ്ങിന് വിളിക്കണമെന്നും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നുമാണ് വിധിയില്‍ വ്യക്തമാക്കിയത്.

ഇതൊരു നയപരമായ തീരുമാനമായതിനാല്‍ സംസ്ഥാന സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാല്‍, ട്രൈബ്യൂണല്‍ ഉത്തരവ് കൂടി പരിഗണിച്ച്, നിലവിലെ ഉയര്‍ന്ന പ്രായപരിധി ജനറല്‍ വിഭാഗം 36ല്‍ നിന്നും 40 ആയും ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 39ല്‍ നിന്നും 43 ആയും എസ്‌സി എസ്ടി വിഭാഗത്തിന് 41ല്‍ നിന്നും 45 വയസ്സായി വര്‍ദ്ധിപ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം ഉറപ്പാക്കുന്നതിനുള്ള അടിയന്തരവും അനുകൂലവുമായ തീരുമാനം എടുക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.