കൂത്തുപറമ്പ്∙ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വനം വകുപ്പിന്റെ വാഹനം കാറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരിക്ക് പരുക്കേറ്റു. കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരുക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.45ഓടെയായിരുന്നു സംഭവം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനം വകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പൊലീസ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫിസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി.രഘുനാഥനെ(54) കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനം വകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.














